Tuesday, July 28, 2009

ചെറായിമീറ്റിലെ സൂപ്പര്‍സ്റ്റാര്‍

ഈ പോസ്റ്റില്‍ താഴെ കൊടുത്തിരിക്കുന്ന പെന്‍സില്‍ ഡ്രോയിംഗ് കണ്ടില്ലേ, അദ്ദേഹമാണ്‌ ചെറായി മീറ്റിലെ സൂപ്പര്‍സ്റ്റാര്‍.ഇത് എന്‍റെ അഭിപ്രായമല്ല, ഈ പടം വരച്ച, ബ്ലോഗറായ എന്‍റെ അളിയന്‍, അരുണ്‍ കായംകുളത്തിന്‍റെ അഭിപ്രായമാ.ഈ പടം കണ്ട് നിങ്ങളില്‍ പലര്‍ക്കും സംശയമുണ്ടായതു പോലെ എനിക്കും സംശയമായി.അതിനാല്‍ ഞാനും ചോദിച്ചു, 'ആരാ ഇത്?'


ഇതാണത്രേ സജീവേട്ടന്‍.
മൂന്ന് മണിക്കൂര്‍ കൊണ്ട് നൂറില്‍ പരം കാര്‍ട്ടൂണ്‍ വരച്ച് ചെറായില്‍ വിലസിയ സാക്ഷാല്‍ സൂപ്പര്‍ താരം.അദ്ദേഹം തന്നെയാണോ ഇത് എന്ന് ആര്‍ക്കേലും സംശയമുണ്ടങ്കില്‍ ഈ പെന്‍സില്‍ ഡ്രോയിംഗ് മറക്കുക, എന്നിട്ട് താഴെയുള്ള ഫോട്ടോ നോക്കുക.



ഉറപ്പിച്ചോളൂ, ഇത് സജീവേട്ടനാ:)
ചെറായി മീറ്റിനു വന്ന മിക്ക ബ്ലോഗേഴ്സിനും ഈ മനുഷ്യനോട് നന്ദിയുണ്ട്.ഞങ്ങളുടെ നന്ദി പ്രകടിപ്പിക്കാന്‍ അരുണ്‍ ചേട്ടന്‍ കണ്ട് പിടിച്ച മാര്‍ഗ്ഗമാണ്‌ ഈ പോസ്റ്റ്.
സജീവേട്ടാ നന്ദി!

സജീവേട്ടന്‍റെ പ്രധാന ബ്ലോഗുകള്‍ ഇവയാണ്..
ഊണേശ്വരം പി.ഒ
കേരള ഹ ഹ ഹ

സജീവേട്ടനോട് അരുണ്‍ ചേട്ടനെന്തോ പറയാനുണ്ടത്രേ..

"സജീവേട്ടാ,
ഞാന്‍ അരുണ്‍ കായംകുളം.എന്‍റെ ഒരു ബ്ലോഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നതിനാലും, രണ്ടാമത്തെ ബ്ലോഗ് രാമായണത്തിനു മാത്രമുള്ളത് ആയതിനാലുമാണ്‌ ഇവിടെ വന്ന് നന്ദി പ്രകടിപ്പിക്കുന്നത്.
ചെറായില്‍ വച്ച് തന്നെ ഞാന്‍ നന്ദി പ്രകടിപ്പിച്ചിരുന്നു.പക്ഷേ അത് പോരാ എന്ന് തോന്നി.അതാ ഇങ്ങനെ ഒരു സാഹസം.ചേട്ടന്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് നൂറ്‌ പേരുടെ പടം വരച്ചപ്പോള്‍ ഞാന്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ചേട്ടന്‍റെ പടം വരച്ചു.
അതാ നമ്മള്‍ തമ്മിലുള്ള വ്യത്യാസം!!
ഞാന്‍ വരച്ച പടത്തിനു സാമ്യതയുണ്ടോ എന്ന് അറിയില്ല, കൂടാതെ തെറ്റുകളും കാണാം.എങ്കിലും ഞങ്ങളുടെ ഒരു സന്തോഷത്തിനു ഇത് സ്വീകരിക്കണം.
എന്‍റെ പേരിലും, ദീപയുടെ പേരിലും, ഗോപന്‍റെ പേരിലും, മീറ്റിനു വന്ന എല്ലാ ബ്ലോഗേഴ്സിന്‍റെ പേരിലും..
നന്ദി!!"


അരുണ്‍ ചേട്ടന്‍ നന്ദി പറഞ്ഞെങ്കിലും, എനിക്ക് പ്രത്യേകിച്ച് പറയണമെന്ന് തോന്നിയതിനാല്‍ ഞാനും രേഖപ്പെടുത്തുന്നു..
സജീവേട്ടാ, നന്ദി:)

പ്രിയപ്പെട്ട ബൂലോകരെ,
ചെറായില്‍ വച്ച് നടന്ന ഈ ചരിത്ര മീറ്റ് വിജയമാക്കാന്‍, വന്നവരിലെല്ലാം ഒരു നുള്ള്‌ സന്തോഷം ജനിപ്പിക്കാന്‍, യാതൊരു ലാഭേച്ഛയും കൂടാതെ, മീറ്റിലെ വിലപ്പെട്ട മൂന്ന് മണിക്കൂര്‍ നമ്മളില്‍ ഒരോരുത്തരെയും ക്യാന്‍ വാസില്‍ പകര്‍ത്താന്‍ കഷ്ടപ്പെട്ട ഈ വലിയ മനുഷ്യനു ആശംസകള്‍ അര്‍പ്പിക്കാന്‍ കൂടെ കൂടാന്‍ ഞാന്‍ നിങ്ങളില്‍ ഒരോരുത്തരോടും അപേക്ഷിക്കുകയാണ്.
ഒരിക്കല്‍ കൂടി മനസ്സ് തുറന്ന് പറയട്ടെ..
സജീവേട്ടാ, യൂ ആര്‍ ഗ്രേറ്റ്‌!!!

Monday, July 27, 2009

ചെറായി മീറ്റ്


ഞാന്‍ ഗോപന്‍, ചെറായി മീറ്റ് മുഖാന്തരം ബ്ലോഗിലേക്ക് വന്ന ഒരു പയ്യന്‍.കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗ് എഴുതുന്ന, അരുണ്‍ കായംകുളം എന്ന ബ്ലോഗര്‍ക്ക്, സ്വന്തം പെങ്ങളെ കെട്ടിച്ച് കൊടുത്തു എന്ന തെറ്റെ ഞാന്‍ ചെയ്തിട്ടുള്ളു.അതിനു ഞാന്‍ അനുഭവിക്കേണ്ടി വന്ന ഭവിഷ്യത്തുകള്‍ വളരെ വലുതായിരുന്നു.

അളിയനെഴുതുന്ന പോസ്റ്റുകള്‍ വായിക്കുക, വായിച്ചിട്ട് കൊള്ളരുതേലും കൊള്ളാം എന്ന് പറയുക(കൊള്ളെരുത് എന്ന് പറഞ്ഞാല്‍ പെങ്ങളെ തല്ലിയാലോ?), ഇങ്ങനെ ഞാന്‍ അനുഭവിച്ച ഭവിഷ്യത്തുകളുടെ മൂര്‍ത്തീരുപമാണ്‌ ചെറായി മീറ്റ് എന്ന ഭയത്തിലായിരുന്നു ഞാന്‍ മീറ്റിനു പോയത്.എന്നാല്‍ ഈ ഒറ്റ മീറ്റ് കഴിഞ്ഞതോടെ ഒരു ബ്ലോഗറാകണം എന്ന ചിന്ത എന്നിലും ശക്തമായി.അതിനു വേണ്ടി ഞാനിതാ ഈ ബ്ലോഗില്‍ പോസ്റ്റുന്നു.

എന്‍റെ ആദ്യ പോസ്റ്റ് ചെറായി മീറ്റിനെ കുറിച്ചാകട്ടെ.
ബ്ലോഗിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ നേരിട്ട് കാണാനുള്ള അരുണ്‍ ചേട്ടന്‍റെ ആഗ്രഹം, പുതിയ സൌഹൃദങ്ങള്‍ക്ക് ഒപ്പം ചെറായി ബീച്ചിന്‍റെ സൌന്ദര്യം ആസ്വദിക്കാനുള്ള ദീപയുടെ മോഹം, ജോലി തിരക്കില്‍ നിന്നും മാറി ഒരു ഉല്ലാസം എന്ന എന്‍റെ അതിമോഹം, ഇതിന്‍റെയെല്ലാം പരിണിത ഫലമായിരുന്നു ചെറായി മീറ്റിനു പോകാനുള്ള തീരുമാനം.



മഴ പെയ്യല്ലേ എന്ന പ്രാര്‍ത്ഥനയോടെ , ബാംഗ്ലൂരില്‍ നിന്ന് ഐലന്‍ഡ് എക്സ്പ്രസ്സില്‍ ആലുവായിലെത്തി.അവിടുന്ന് പറവൂരിലോട്ട് ഒരു ബസ്സ് യാത്ര.ആ യാത്രയില്‍ ഉടനീളം, പറവൂരില്‍ നിന്ന് ചെറായിലേക്ക് യാത്രക്കായി വാഹനം ഒരുക്കിയിട്ടിട്ടുണ്ട് എന്ന അറിയിപ്പുമായി ജോയുടെയും, ഹരീഷ് തൊടുപുഴയുടെയും ഫോണ്‍ കോളുകള്‍.അവരുടെ സന്മനസ്സാല്‍ തയ്യാറാക്കിയിട്ടിരുന്ന കാറില്‍ ചെറായിലേക്ക്.

അമരാവതി റിസോര്‍ട്ടിലേക്കുള്ള, ആദ്യത്തെ കാല്‌വപ്പില്‍, അകമേ നിന്നാരോ പറഞ്ഞു, 'ഇത് വേസ്റ്റാകില്ല'.അന്നേരം മനസ്സ് പറഞ്ഞത് സത്യമായിരുന്നു.ആ മീറ്റ് ഒരു വേസ്റ്റ് പരിപാടി ആയിരുന്നില്ല.



രജിസ്ട്രേഷനു ശേഷം പരിചയപ്പെടുത്തല്‍ ആരംഭിച്ചു.താന്‍ ആനയാണ്, ചേനയാണ്, പുലിയാണ്, പൂച്ചയാണ്‌ എന്നിങ്ങനെയൊന്നും പറയാതെ, തീരെ ജാടയില്ലാതെ ഒരോരുത്തരം തങ്ങളുടെ ഭാഗം ക്ലിയറാക്കി.ഇന്നലെ എനിക്ക് ബ്ലോഗില്ലാരുന്നു, അല്ലേല്‍ ഞാനും പറഞ്ഞേഞ്ഞെ, 'ഞാന്‍ ഗോപന്‍, ഗോകുലം ബ്ലോഗിന്‍റെ അധിപന്‍'.



പിന്നെ ഈണം സീഡി പ്രകാശനം.



അതിനു ശേഷം പൊട്ടിച്ച് തുടങ്ങി.
സോറി, കുപ്പി പൊട്ടിച്ച് തുടങ്ങി എന്നല്ല, കുട്ടികള്‍ക്കായി ഊതി വീര്‍പ്പിച്ച് ബലൂണ്‍ പൊട്ടിച്ച് തുടങ്ങി.അവ പൊട്ടുന്ന ശബ്ദം കേട്ട്, ഇതാണ്‌ കുപ്പി പൊട്ടുന്ന ശബ്ദം എന്ന് ആരേലും തെറ്റിദ്ധരിച്ചെങ്കില്‍, 'ഹാ! കഷ്ടം'.

ഇനിയും എല്ലാവരും പരിചയപ്പെടേണ്ട ഒരു വ്യക്തിയുണ്ട്, സജീവേട്ടന്‍.മൂന്ന് മണിക്കുറിനുള്ളില്‍ 118 പേരെ ക്യാന്‍വാസില്‍ പകര്‍ത്തിയ മനുഷ്യന്‍.ഒരു അപാര ജന്മം.



എത്ര മനോഹരം ആയിരുന്നെന്നോ, ഒരോരുത്തരേയും അവരുടെ ഭാവഭേദങ്ങളോടെ കാര്‍ട്ടൂണ്‍ രൂപത്തില്‍ വരച്ച് തന്നു.എന്നെയും വരച്ചു..



ഇത് കണ്ട എല്ലാരും നേരിട്ട് കാണുന്നതിലും ഭംഗിയുണ്ടെന്ന് പറഞ്ഞു.
സജീവേട്ടാ,
എന്‍റെ പേരിലും, അരുണ്‍ ചേട്ടന്‍റെ പേരിലും, ദീപയുടെ പേരിലും, ചെറായില്‍ വന്ന എല്ലാ ബ്ലോഗേഴ്സിന്‍റെ പേരിലും..
നന്ദി!

ഒരു മാജിക്ക് അധ്യാപകനായ ബിലാത്തിപട്ടണം എന്ന ബ്ലോഗിന്‍റെ ഉടമയുടെ വക മാജിക്ക്.അഞ്ച് രൂപ തുട്ട് വച്ച് അഞ്ച് പരിപാടികള്‍.സൂപ്പര്‍!



പിന്നെ പാട്ട്, കവിത, മിമിക്രി, നാടന്‍പാട്ട്, പ്രസംഗം, നന്ദി ഇങ്ങനെ പരിപാടികള്‍..
കൂട്ടത്തില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയും.

ഇനി ആഹാരകാര്യം.
രാവിലെ ചായ, ചക്ക, ചക്കയപ്പം, ബിസ്ക്കറ്റ് ഇത്യാദി..
ഉച്ചക്ക് അടിപൊളി സദ്യ വിത്ത് ചിക്കന്‍, മീന്‍..
സദ്യയോടെ ഒപ്പം ഫ്രൂട്ട്‌സലാഡും.
രാമായണമാസത്തില്‍ വെജിറ്റേറിയനെ കഴിക്കു എന്ന ശപഥമുള്ള അരുണ്‍ ചേട്ടനു ഏറെ ഇഷ്ടമായത് ലതിക ചേച്ചി കൊണ്ട് വന്ന കണ്ണിമാങ്ങാ അച്ചാറാ.ശരിയാ, ചിക്കനും, മീനിനും മീതെ അതിന്‍റേ ടേസ്റ്റ് ഇപ്പോഴും നാക്കിലുണ്ട്.
വൈകിട്ട് ചായ, ബിസ്ക്കറ്റ്, സുഖിയന്‍[അതൊരു സുഖിപ്പീരു തന്നെയായിരുന്നു:)]
ചായക്ക് ശേഷം ഔദ്യോഗികമായി മീറ്റ് പിരിച്ച് വിട്ടു.

മീറ്റിനു വന്നവര്‍ പിരിയാന്‍ നേരമായി.ഇനിയും കാണാം എന്ന വിശ്വാസത്തില്‍ ബ്ലോഗേഴ്സ്സ് അരങ്ങ് ഒഴിഞ്ഞു...



പിന്നെയും അവിടെ സമയം ചിലവഴിക്കാന്‍ തയ്യാറായ ഞങ്ങള്‍ക്ക് ജോയുടെ നേതൃത്വത്തില്‍ പുലിമൂട്ടിലേക്ക് ഒരു യാത്ര തരപ്പെട്ടു.ശേഷം സമയം ബീച്ചില്‍.പിന്നീട് എന്‍റെ സുഹൃത്തായ ഫ്രാന്‍സിസിന്‍റെ കാറില്‍ ആലുവായിലേക്ക്, അവിടെ നിന്ന് ബസ്സില്‍ ബാംഗ്ലൂരേക്ക്..
ആ യാത്രയില്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു..
എനിക്കും ഒരു ബ്ലോഗ് വേണം!
അതാണ്‌ ഇത്..
ഗോകുലം.
ഇത് വായിക്കാന്‍ വന്ന എല്ലാവര്‍ക്കും സ്വാഗതം.

ചെറായി മീറ്റിനെ കുറിച്ച് പറയുമ്പോള്‍ ഒരു കടമ കൂടി ബാക്കിയുണ്ട്, ഒരു നന്ദി വാക്ക്.
നല്ല അന്തരീക്ഷം ഒരുക്കി തന്ന ദൈവത്തിനു,
മീറ്റിന്‍റെ സംഘാടകര്‍ക്ക്,
യാത്രാ സൌകര്യം ഒരുക്കിയ ജോയ്ക്കും, ഹരീഷിനും,
മീറ്റിനു ചുക്കാന്‍ പിടിച്ച സുഭാഷേട്ടന്,
മീറ്റിലെ പ്രധാന ആകര്‍ഷണമായി, കാര്‍ട്ടൂണ്‍ വരച്ച് തന്ന, സജീവേട്ടനു,
തിരിച്ച് ആലുവായില്‍ എത്തിച്ച് ഫ്രാന്‍സിസിനു,
അമരാവതി റിസോര്‍ട്ടിനും, റെസ്റ്റോറന്‍റിനും,
പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ ബ്ലോഗേഴ്സിനും,
പങ്കടുക്കാന്‍ പറ്റാതെ പ്രാര്‍ത്ഥിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും,
ചെറായി ബീച്ചിനും,
നന്ദി, നന്ദി, നന്ദി!

ഇനി ചെറായി മീറ്റില്‍ നിന്നും ഒപ്പിയെടുത്തത്..